Friday 30 October 2015

'ആന്റി' എന്ന് പേരുള്ള കുരങ്ങിന്റെ പ്രത്യേകതയെന്ത്

ജനതിക പരിവർത്തനം വഴി സൃഷ്‌ടിച്ച ആദ്യത്തെ കുരങ്ങാണ്  'ആന്റി'. ഒരു ജീവിയിൽ നിന്നോ, സസ്യത്തിൽ നിന്നോ, സൂക്ഷ്മാണുവിൽ നിന്നോ അവയ്ക്ക് പ്രത്യേകസ്വഭാവം നൽകുന്ന ജീനിനെയോ, ജീൻ സമൂഹത്തെയോ വേർതിരിച്ച ശേഷം അവയെ മറ്റൊരു ജീവിയിലേക്കോ, സസ്യത്തിലേക്കോ, സൂക്ഷ്മാണുവിലേക്കോ മാറ്റിസ്ഥാപിച്ച്  പുതിയ സ്വഭാവഗുണങ്ങളുള്ള  ജീവികളെ സൃഷ്ടിക്കുന്ന പ്രക്രിയെയാണ് ജനതിക പരിഷ്കരണം എന്ന് പറയുന്നത്. ഇത്തരത്തിൽ ജനതിക പരിഷ്കരണം വഴി സൃഷ്ടിക്കുന്ന ജീവികളെ ട്രാൻസ്ജെനിക് ജീവികളെന്നു പറയുന്നു.

കടൽചൊറി അതാ 'ജെല്ലിഫിഷ് ' എന്ന ജലജീവിക്ക് ശരീരത്തിൽ ബൾബ്‌ പോലെ പ്രകാശിക്കുന്ന കോശങ്ങളാണുള്ളത്. ഇങ്ങനെ ബൾബ്‌ പോലെ തിളങ്ങുന്ന സ്വഭാവം നല്കുന്നത് അവയുടെ പ്രത്യേകതരം ജീനുകളാണ്. ഈ പ്രത്യേക സ്വഭാവമുള്ള ജീനുകളെ ഒരു കുരങ്ങിന്റെ ക്രോമോസോമിലേക്ക് നിവേശിപ്പിച്ചാണ് ആന്റിയെ ശാസ്ത്രജ്ഞർ സൃഷ്ടിച്ചത്. അത് കൊണ്ട് തന്നെ ബൾബ്‌ പോലെ തിളങ്ങുന്ന കോശങ്ങളുമായാണ്  ആന്റി ജനിച്ചത്‌.

             തിളങ്ങുന്ന സ്വഭാവമുള്ള കോശങ്ങൾ മൈക്രോസ്കോപ്പിൽ പഠനവിധേയമാക്കുമ്പോൾ അവയുടെ ഉള്ളിലുള്ള മാറ്റങ്ങളെ വളരെ വ്യക്തതയോടെ കാണാൻ സാധിക്കുന്നു. അത് കൊണ്ട് തന്നെ ആന്റിയുടെ ജനനം കാൻസർ, മറവിരോഗം, എയിഡ്സ്, ഡയബെറ്റിസ്  തുടങ്ങിയ രോഗങ്ങളെ കുറിച്ചുള്ള പഠനങ്ങളിൽ കൂടുതൽ സഹായകമാവുമെന്ന്  ശാസ്ത്രജ്ഞർ കരുതുന്നു.
                
                        2000ത്തിലെ ഒക്ടോബർ മാസം രണ്ടാം തിയതി അമേരിക്കയിലെ ഒറിഗോണ്‍ റീജണൽ പ്രൈമേറ്റ് റിസർച്ച്  സെന്ററിലാണ് ആന്റി ജനിച്ചത്‌.

No comments:

Post a Comment