Monday 28 September 2015

പ്രതിദിനം ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് സൗജന്യ ഭക്ഷണമൊരുക്കുന്ന അടുക്കള എവിടെയാണ്

പ്രതിദിനം ഒരു ലക്ഷം പേർക്ക് വരെ സൗജന്യ ഭക്ഷണം ഒരുക്കുന്ന ഒരു സ്ഥലമുണ്ടോ? ഉണ്ട് . പഞ്ചാബിലെ അമൃത് സറിൽ സ്ഥിതി ചെയ്യുന്ന സിഖ് വിഭാഗക്കാരുടെ ആരാധനാലയമായ സുവർണ്ണ ക്ഷേത്രത്തിലാണ്  ലോകത്തിലെ തന്നെ ഏറ്റവും വലിയ അന്നദാനം നടക്കുന്നത് .
സിഖുകാരുടെ ആരാധനാലയമാണെങ്കിൽ കൂടി ലോകത്തിലെ ഏതു ജാതിയിലും മതത്തിലും പെട്ടവർക്കും ഇവിടെ വരുന്നതിനും ഭക്ഷണം കഴിക്കുന്നതിനും അയിത്തമില്ല. ആർക്കും ഏത്  പാതിരാത്രിയിലും ഇവിടെ വരാം, വന്നവർക്കാർക്കും തന്നെ  വെറും വയറോടു കൂടി മടങ്ങേണ്ടി വരില്ല.  ഒരു ശരാശരി ദിവസം ഒരു ലക്ഷത്തോളം പേരും, വിശേഷ ദിനങ്ങളിൽ ഒന്നര ലക്ഷത്തോളം പേരും  ഇവിടത്തെ ഈ ഒരിക്കലും അടയ്ക്കാത്ത അടുക്കളയിൽ നിന്ന്  അന്നദാനം സ്വീകരിക്കാനായി എത്താറുണ്ട്. ഇത്രത്തോളം പേർക്കും എങ്ങനെയാണ് പ്രതിദിനം ഒരു രൂപ പോലും വാങ്ങാതെ ഭക്ഷണം സൗജന്യമായി  നല്കുന്നത്  എന്ന്  തോന്നാം. ഇത് സാധ്യമാക്കുന്നത്  ഇവിടേയ്ക്ക്  അന്നദാനത്തിനായി വിശ്വാസികൾ സംഭാവനകൾ കൊണ്ട് മാത്രമാണ്. വരുന്ന വർഷങ്ങളിലേക്ക്  അന്നദാനത്തിനായി വേണ്ട സംഭാവന മുൻകൂട്ടി തന്നെ ഇവിടേയ്ക്ക്  ലഭിക്കുന്നു എന്ന് കേട്ടാൽ ഒരു പക്ഷെ ആശ്ചര്യം തോന്നിയേക്കാം.
മുൻ കാലങ്ങളിൽ നമ്മുടെ രാജ്യത്ത് നിലവിലുണ്ടായിരുന്ന ജാതി-മത ഉച്ചനീചത്വങ്ങളില്ലാതാക്കി  മനുഷ്യരെ തുല്ല്യരായി കരുതി ഒന്നിച്ചിരുത്തി ഭക്ഷണം നല്കുക, അത് വഴി സാമൂഹിക പരിഷ്കരണം തന്നെ നടത്തുക എന്ന മഹത്തായ ഉദ്ദേശത്തോട്  കൂടിയാണ്  500 വർഷങ്ങൾക്ക് മുൻപ്  സിഖ് ഗുരുവായ ഗുരു നാനാക്ക് ഇത്തരമൊരു അന്നദാനം വിഭാവന ചെയ്തതെന്ന് പറയപ്പെടുന്നു.

No comments:

Post a Comment