Tuesday 29 September 2015

വാർസോയെ 'ഫീനിക്സ് നഗര'മെന്ന് വിളിക്കുന്നതെന്ത് കൊണ്ട്


സ്വന്തം ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഒരു ഗ്രീക്ക് പുരാണകഥാപാത്രമാണ്  ഫീനിക്സ്  എന്ന പക്ഷി. രണ്ടാം ലോകയുദ്ധസമയത്തും, പിന്നീടുമായി ദശാബ്ദങ്ങളോളം നാശനഷ്ടങ്ങൾ ഏറ്റുവാങ്ങിയ ഒരു നഗരമായിരുന്നു പോളണ്ടിന്റെ തലസ്ഥാനമായ വാർസോ നഗരം. രണ്ടാം ലോകയുദ്ധം തുടങ്ങുന്നത് തന്നെ ജർമ്മനിയുടെ പടക്കപ്പലിന്റെ പോളണ്ട്  ആക്രമണത്തോടെയാണ്. യൂറോപ്പിൽ തന്നെ ഏറ്റവുമധികം ജൂതജനസംഖ്യ ഉള്ള ഒരിടമായിരുന്നു അക്കാലത്ത് പോളണ്ട് . ഇത് കൊണ്ട് തന്നെയായിരുന്നു ജർമ്മനിക്കാരായ നാസികൾ ആദ്യലക്ഷ്യമായി പോളണ്ടിനെ കണ്ടത്.  ബോംബുകളും, ഷെല്ലുകളും, വെടിയുണ്ടകളും ഈ നഗരത്തെ കാലങ്ങളോളം കീറിമുറിച്ച്  കൊണ്ടിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനമായപ്പോഴേക്കും വാർസോ നഗരത്തിന്റെ 90 ശതമാനാവും നാശോന്മുഖമായി.  പിന്നീടുള്ള 44 വർഷം അത് സോവിയറ്റ്‌  കമ്മ്യൂണിസ്റ്റ്‌  ഭരണത്തിന് കീഴിലായിരുന്നു. ഈ 44 വർഷം നീണ്ട കമ്മ്യൂണിസ്റ്റ്‌ ഭരണം, വാർസോയെ പുനർനിർമ്മാണത്തിലൂടെ റഷ്യൻ മാതൃകയിലുള്ള ഒരു നഗരമാക്കി മാറ്റി എന്ന് പറയാം. കമ്മ്യൂണിസ്റ്റ്‌ ഭരണത്തിന്റെ പതനം 1980 കളോടെയായിരുന്നു. അതിന് ശേഷമുള്ള ദശാബ്ദങ്ങളിൽ നമുക്ക് കാണാൻ കഴിയുക ഈ നഗരത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ്. ജർമൻ ആക്രമണങ്ങൾക്ക്  മുൻപ് വാർസോ എങ്ങനെയായിരുന്നോ, അതുപോലെ തന്നെ നഗരത്തെ പുനർനിർമ്മിക്കാനുള്ള  ഒരുക്കങ്ങൾ തുടങ്ങി. പുനർനിർമ്മിക്കപ്പെട്ട വാർസോ നഗരത്തെ യുനെസ്കോ അതിന്റെ  ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇന്ന്  വാർസോ നഗരം അവിടെയെത്തുന്ന ഓരോ സഞ്ചാരികളെയും അതിന്റെ പഴയ പ്രൗഢിയുമായാണ്  വരവേല്ക്കുന്നത്. നാശത്തിന്റെ വക്കിലൂടെ കാലങ്ങളോളം കടന്നുപോയിട്ടും, അനേകം തവണ  കീറി മുറിവേൽക്കപ്പെട്ടിട്ടും, നശിക്കാൻ തയ്യാറാവാതെ, പഴയ അതേ പ്രൗഢിയോടെ തന്നെ അതിജീവിച്ചതാണ്  വാർസോ നഗരത്തിന്റെ കഥ. അത് തന്നെയാണ്  അതിനെ 'ഫീനിക്സ് നഗര'മെന്ന വിശേഷണത്തിന്  അർഹമാക്കുന്നതും.

No comments:

Post a Comment